Tuesday, July 13, 2010

റോഡുകളിലെയും നടപ്പാതകളിലേയും കയ്യേറ്റങ്ങള്‍

റോഡുകള്‍ വാഹനങ്ങള്‍ക്കു മാത്രം പോകാനുള്ളതാണെന്നാണു മിക്കവരും ധരിച്ചിരിക്കുന്നതു. കാല്‍നട യാത്രക്കാര്‍ക്കും ജാഥ, പ്രകടനം, ധര്‍ണ എന്നിവ നടത്തുന്നവര്‍ക്കും ഒരുപോലെ റോഡില്‍ അവകാശം ഉണ്ടെന്നാണു ഭരണകര്‍ത്താക്കള്‍ വരെ വിധിച്ചിട്ടുള്ളതു. പൊതുയോഗങ്ങള്‍ റോഡില്‍ നടത്തുന്നതിനു കോടതി വിലക്കുള്ളതിനാല്‍ ആ അവകാശം ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇവയൊഴിച്ചുള്ളതെങ്കിലും റോഡുകളിലെ കയ്യേറ്റങ്ങള്‍ ആയി പരിഗണിക്കാമോ?

  1. വാണിഭക്കാര്‍ - പ്രധാനനഗരങ്ങളിലെ നടപ്പാതകളില്‍കണ്ണായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിക്കച്ചവടക്കാര്‍ കയ്യേറുകയാണ്.
  2. ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നടപ്പാതയാണെന്ന വിചാരവും പലര്‍ക്കുമുണ്ട്.
  3. പ്രധാന സ്ഥലങ്ങളിലെയും നടപ്പാതകളില്‍ പരസ്യക്കാര്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് കാല്‍നടക്കാരുടെ സുരക്ഷിതത്വവും തകരാറിലാക്കുന്നു.
  4. കണ്ണായ സ്ഥലങ്ങളില്‍ ആര്‍ച്ചുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്ന വേറൊരു കൂട്ടം കയ്യേറ്റങ്ങള്‍ കാണാം.
  5. ചില സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ മുന്‍ഭാഗത്തുള്ള നടപ്പാത കയ്യേറി വില്‍പ്പന സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ച് വക്കുന്നതു കാണാം.
  6. നടപ്പാതകളിലും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സ്ഠോക്കു ചെയ്യുന്നത് ആരും വിലക്കുന്നതു കാണുന്നില്ല.
  7. റിപ്പയര്‍ ചെയ്യുന്നതിനു പല സ്ഥലങ്ങളിലും നടപ്പാതകള്‍ ഉപയൊഗപ്പെടുത്തുന്നുണ്ട്

നടപ്പാതകള്‍ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്ന ദുരവസ്ഥതന്നെ.

കേരളത്തിലെ വാഹനാപകടനിരക്കു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൌകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൌരവത്തോടെ ഏറ്റെടുക്കണം.
നല്ല നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് ഭരണകര്‍ത്താക്കള്‍ മുന്‍ഗണന നല്‍കണം.
നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്ളാബുകളെയോ ഭയക്കാതെ കാല്‍നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകൾക്ക് പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം.
ഭരണകര്‍ത്താക്കള്‍ ഈ കാര്യങ്ങള്‍ക്കു എന്നെങ്കിലും മുന്‍ഗണന നല്‍കുമോ?

Wednesday, June 2, 2010

വഴിയോരങ്ങളിലെ നടപ്പാതകള്‍

റോഡുകള്‍ എല്ലാം വാഹനങ്ങള്‍ക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് മിക്കവരും വിശ്വസിക്കുന്നു. രാജവീഥികളൊക്കെ ജനങ്ങള്‍ക്ക് നടക്കുവാന്‍ വേണ്ടിയായിരുന്നു നിര്‍മ്മിച്ചത്. കാലം ഏറെ കഴിഞ്ഞ് വാഹനങ്ങള്‍ റോഡുകളില്‍ നിറഞ്ഞു. 6 പേര്‍ക്കു ഒരു വാഹനം വീതമുണ്ടെന്നാണ് കണക്ക്. നടന്നുപോകേണ്ടവരെക്കുറിച്ച് ഒരു പരിഗണനയും ആരും നല്‍കുന്നില്ല. ചില പ്രധാന വീഥികളില്‍ അങ്ങിങ്ങ് നടപ്പാതകള്‍ ഉണ്ടാകും, അവയില്‍ തന്നെ പാഴ് മരങ്ങള്‍ നിറഞ്ഞുനില്‍ക്കും, ശേഷിയ്ക്കുന്ന ഭാഗം വഴിവാണിഭക്കാരുടെ കൈയ്യിലും. വിദേശരാജ്യങ്ങളില്‍ പലയിടത്തും കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം പാതകളുണ്ട്. ഇവിടെ അങ്ങിനെ വേണമെന്നു പറയുന്നില്ല. വഴിവാണിഭക്കാര്‍ ഇരിക്കുന്ന ഇടമെങ്കിലും കാല്‍നടയാത്രക്കാര്‍ക്കായി ഒഴിഞ്ഞുകൊടുത്തിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുകയാണ്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്നവര്‍ക്കായി നഗരത്തിന്റെ എല്ലാഭാഗത്തും നടപ്പാതകള്‍ ഉണ്ടാകേണ്ടതിന്റെ അടിയന്തിര പ്രാധാന്യം അധികാരികള്‍ കണക്കിലെടുക്കുമോ?.

വഴിമുടക്കി നിൽക്കുന്ന മരങ്ങളെ മാത്രം മുറിക്കുന്നതിന് പ്രകൃതി സ്നേഹികള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് നടപ്പാതകളുടെ നിര്‍മ്മാണതിന് തടസ്സം എന്ന് അധികാരികള്‍ പറയുന്നു. സഞ്ചാര യോഗ്യമാക്കാനായി മരങ്ങളെ മുറിച്ച് മാറ്റാതിരിക്കാൻ കഴിയില്ല. കാരണം മരങ്ങളേക്കാൾ മനുഷ്യജീവനാണു പ്രധാനം. റോഡിന്റെ അരികിലുള്ള സ്ഥലമുടമകള്‍ ഓരോ മരം വയ്ക്കുകയാണെങ്കില്‍ നടപ്പാതകള്‍ പൂര്‍ണമായും ഉപയോഗയോഗ്യമാകും. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളുടെ അരികിലുള്ള സ്ഥലങ്ങള്‍ സര്‍ക്കാറിന്റെ ഉടമയിലുള്ളതാണ്. അവിടെയൊക്കെ മരം വയ്ക്കുന്നതിന് ഒഫീസ് അധികാരികളോട് ആവശ്യപ്പെട്ടാല്‍ മതിയല്ലോ.

പുറം രാജ്യങ്ങളിൽ നടപ്പാതയിലൂടെ വീൽചെയറിലൂടെ പ്രായമുള്ള ആളുകള്‍ യാത്രചെയ്യുന്നത്
കണ്ടിട്ടുണ്ട്. അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ പ്രാമിലും കിടത്തി ഉന്തിക്കൊണ്ട് യാത്രചെയ്യുന്നത്
സാധാരണമാണ്. അതിനു സാധ്യമാകുന്ന വിധത്തിലാകണം നമ്മുടെയും നടപ്പാത നിര്‍മ്മിക്കേണ്ടത്. ഇവിടെയുള്ള
നടപ്പാതകളില്‍ കാൽനട പോലും അപകടം വിളിച്ച് വരുത്തുന്ന രീതിയിലല്ലെ പൂർത്തീകരിച്ചിരിക്കുന്നത്. അടുത്ത കാലത്ത് എത്ര അപകടങ്ങളാണ് നടപ്പാതകളുടെ പോരയ്മകള്‍ കാരണം ഉണ്ടായിട്ടുള്ളത്!

നഗരതിലെ റോഡുകള്‍ പരിഷ്കരിക്കുന്നതോടൊപ്പം നടപ്പാതകളുടെ നിര്‍മ്മാണവും ശരിയായ രീതിയില്‍ നടപ്പാക്കുമെന്നു പ്രതീക്ഷിക്കുകയാണ്

Thursday, May 27, 2010

കേരളത്തിലെ റോഡുകള്‍

കേരളത്തിലെ ഇപ്പോഴത്തെ റോഡുകളുടെ അവസ്ഥ കാണുമ്പോള്‍ ഈ നാട് ദൈവത്തിന്റെ നാടാണെന്ന് തന്നെ തോന്നും.

ദൈവത്തിന്റെ നാടു സ്വര്‍ഗമാണല്ലൊ? സ്വര്‍ഗത്തിലെ വഴികള്‍ ഇടുങ്ങിയതും ദുര്‍ഘടം നിറഞ്ഞതും ആയതുകൊണ്ടു കേരളത്തിലെ റോഡുകളും അതുപൊലെ ആയിരിക്കണമെന്നാണു നമ്മുടെ ഭരണാധികാരികളും കരുതുന്നത് എന്നു തോന്നുന്നു. "കേരളം ദൈവത്തിന്റെ സ്വന്തം രാജ്യം" എന്ന മുദ്രാവാചകത്തിനു ശരിയായ അര്‍ഥം ലഭ്യമാക്കാനുള്ള കുറുക്കുവഴി.

സര്‍ക്കാര്‍ കണക്കുകളനുസരിച്ചു കേരളത്തില്‍ 1,73,592 കി.മി. റോഡുകള്‍ ഉള്ളതായി കാണുന്നു.
ഇതില്‍ സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 4137 കി.മി. സംസ്ഥാന പാതകളും 24066 കി.മി. ജില്ലാതല പാതകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 124889 കി.മി.റോഡുകളും ഉള്‍പ്പെടുന്നു.

ഇതില്‍ 1524 കി.മി. റോഡുകള്‍ നാഷണല്‍ ഹൈവെകളായി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ ചേര്‍തതല മുതല്‍ അങ്കമാലി വരെയുള്ള റോഡു മാത്രമെ നാഷണല്‍ ഹൈവെ എന്നു വിളിക്കാന്‍ യോഗ്യതയുള്ളതാകുന്നുള്ളു. മറ്റുള്ള നാഷണല്‍ ഹൈവെ റോഡുകളൊക്കെ നാരോ ഹൈവെകള്‍ മാത്രമാണു.

അങ്ങിനെയുള്ള ഹൈവെകള്‍ കുടെ നാഷണല്‍ ഹൈവെ യോഗ്യതയിലേക്കു മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയപ്പോള്‍ ഇവിടെ അതിന്റെ ആവശ്യമില്ലെന്നും സ്വര്‍ഗത്തിലെ വഴികള്‍ പോലെ ഇവിടെ ഇടുങ്ങിയ വഴികള്‍ മതിയെന്നും സര്‍ക്കാരും പ്രതിപക്ഷവും ശുപാര്‍ശ ചെയ്തിരിക്കികയാണു.

കേരളം ഒന്നാകെ നഗര സ്വഭാവമുള്ള പ്രദേശം ആണെന്നും അതിനാല്‍ ഇവിടെ റോഡുകളുടെ വീതി കൂട്ടുന്നതു അപ്രായൊഗികമാണെന്നും ഒരു വാദഗതിയുണ്ടു. റോഡുകളുടെ വീതി കൂട്ടുന്നതിനു സാധ്യത ഇല്ലെങ്കില്‍ വാഹനങ്ങള്‍ റോഡുകളില്‍ ഇറക്കുന്നതു നിയന്ത്രിക്കുന്നതിനെ കുറിച്ചു ആലോചിക്കേണ്ടിയിരിക്കുന്നു.